66. ഗുരുവായൂരില്‍ തൊഴുതു നില്‍ക്കുമ്പോള്‍

ഗുരുവായൂരില്‍ തൊഴുതു നില്‍ ക്കുമ്പോള്‍

ഗുരുവായൂരില്‍ തൊഴുതു നില്‍ ക്കുമ്പോള്‍
ജപമായി നാവില്‍ നിന്‍ സഹസ്രനാമം
ആയിരം നാമത്താല്‍ എങ്ങിനെ വാഴ്ത്തും
ശതകോടിസൂര്യപ്രഭയാണു നീ
ലീലാവിലാസങ്ങള്‍ എങ്ങിനെയറിയും
ധ്യാന സ്വരൂപമെനിക്കപ്രാപ്യം

ചന്ദനച്ചാര്‍ത്തണിഞ്ഞാ ദിവ്യരൂപമെന്നു-
ള്ളില്‍ നിറയ്ക്കാന്‍ വെമ്പല്‍ പൂണ്ടും
കേശാദി പാദമെന്‍  കണ്ണില്‍ നിറയ്ക്കാന്‍
പലവുരു തിരക്കില്‍ എത്തി നോക്കിയും
നടയ്ക്കലെത്തുമ്പോള്‍ എന്തേ കണ്ണാ
കണ്ണുകള്‍ താനെ അടഞ്ഞുപോയീ.. എന്റെ
കണ്ണുകളെന്തേ അടഞ്ഞു പോയി
ശ്രീകോവില്‍ ചുറ്റി പ്രദക്ഷിണം വെയ്ക്കുമ്പോള്‍
ആ മുഖമോര്‍മ്മയില്‍ മറഞ്ഞും പോയീ

കാണിക്കയിട്ടിടാന്‍ ഇന്നും മറന്നു ഞാന്‍
എന്നിലെ ഞാനെന്ന ഭാവം
എന്നിനിക്കാണും കണ്ണാ.. എന്നിനിയാകുമീ
കാണിക്കയാമഹം നല്‍കാന്‍
അല്ലെങ്കില്‍ കണ്ണാ എടുത്താലുമെന്നഹം
നിന്റേതുമാത്രമല്ലേ കണ്ണാ ഇതും
നിന്‍ കൃപ മാത്രമല്ലേ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ